പതിയെവന്ന മുകിലിന്റെ പടി കടന്ന പുലര്‍കാലം
കനവു കണ്ട കുയിലിന്റെ പാട്ടുവീണ പുഴയോരം
കരൾക്കുമ്പിളില്‍ പൂന്തേന്‍ തുളുമ്പും
സ്നേഹതീരമേ..എന്‍ ഹരിതതീരമേ....
(പതിയെവന്ന മുകിലിന്റെ....)
മാരിവില്ലിന്‍ നൂലുകൊണ്ടു് നെയ്തതാണീ പൂപ്പാടം
കന്നിമണ്ണില്‍ കനവെറിഞ്ഞ കാഴ്ചയാണീ മലയോരം
വഴിയരികില്‍ കളിപറയും കരിമലയുടെ കൌമാരം
മിഴിമുനകള്‍ മൊഴിപകരും പ്രണയമണിക്കിന്നാരം
കാട്ടുമുളം ചില്ലകളില്‍ കാറ്റു തീര്‍ത്ത മര്‍മ്മരവും
കേട്ടുണര്‍ന്നുവോ....ഹരിതതീരമേ....എന്‍ പ്രണയതീരമേ....
(പതിയെവന്ന മുകിലിന്റെ....)
കാവ്യഭാവം കാത്തു വെച്ച സ്വപ്നമാണീ താഴ്വാരം
സൂര്യരാഗം ചായമേകും ചിത്രമാണീ സായാഹ്നം
പൂങ്കവിളിൽ പൂവാലന്‍ തുമ്പിക്കൊരു പായാരം
സിന്ദൂരക്കുറിയണിയും സന്ധ്യയ്ക്കൊരു പുതുനാണം
കാട്ടുചോലച്ചില്ലലയില്‍ മുഖം നോക്കും വെണ്ണിലവേ
നീയറിഞ്ഞുവോ..ഹരിതദേവിയെ...ഗ്രാമദേവിയെ.....
(പതിയെവന്ന മുകിലിന്റെ....)