അന്തിമുകിൽപ്രാവിൻ മഞ്ഞുമണിക്കൂട്ടിൽ
വെള്ളിവെയിൽ ചായുന്നു
വിങ്ങുമിരുൾ വാവിൻ കൂരയ്ക്കുള്ളിലാരോ
നെഞ്ചുരുകിപ്പാടുന്നു
കണ്ണീർമഴയിൽ കരൾ പൊള്ളും കനലിൽ
ആരെ താരാട്ടു പാട്ടായ് തലോടുവാൻ
(അന്തിമുകിൽപ്രാവിൻ...)
തീരാത്ത ശാപജന്മമായ് തീത്തുരുത്തു തേടി നാം
കാറ്റലയിൽ കരിയില പോൽ തെന്നി വീണു തേങ്ങവേ
തോരാത്ത കണ്ണുനീരിലെ പൂനിലാവു തേടി നാം
ഓർമ്മകൾ തൻ തീവെയിലിൽ പെയ്തൊഴിഞ്ഞു പോകവേ
നീളുമീ യാത്രയിൽ നിഴലിടും രാത്രിയിൽ
ഏതു മൺചെരാതിനായ് നമ്മൾ തിരയും
(അന്തിമുകിൽപ്രാവിൻ...)
ഏകാന്ത മൂകസന്ധ്യയിൽ എരികിനാക്കളോടെ നാം
അലകടലിൻ മറുകരയിൽ മൗനമായി നിൽക്കവേ
താനേ വിതുമ്പും വാക്കിലെ തരളമായ സാന്ത്വനം
മൺതറയിൽ വീണുടയും ചില്ലുപാത്രമാകവേ
ചാരെയാണെങ്കിലും ദൂരെയോ നിൻ സ്വരം
കൈ തലോടൽ കാത്തു നിൽക്കും നിൻ ഹൃദയം
(അന്തിമുകിൽപ്രാവിൻ...)